ഏവൂർ ദാമോദരൻ നായർ



"ഏവൂർ ദാമോദരൻനായരെന്ന മഹാ-

ഭാവനാശാലിയെയോർത്തിടുമ്പോൾ

പോയകാലത്തിൻ്റെ മാനവരാശിയിൽ

മാണിക്യമാണെന്നറിഞ്ഞിടുന്നു.

കേവലജീവിതായോധനമല്ലാതെ

ജീവിതം തന്നെ കലയ്ക്കുമുന്നിൽ

പൂജാകുസുമമായ് സാദാരമർപ്പിച്ചൊ-

രാദർശധീരനാണാമഹാത്മൻ!

തുള്ളൽക്കവിതയുരുവിട്ടഭിനയി-

ച്ചുള്ളത്തിലാകെ നവരസത്തിൻ

കല്ലോലമാലയിളക്കിക്കലാകാര-

ധർമ്മമർമ്മങ്ങളറിഞ്ഞദേവൻ."


(ഏവൂരിനെ കുറിച്ച് ശ്രീ. സുരേഷ് മണ്ണാറശ്ശാല എഴുതിയ 'തുള്ളലിലെ തൂവൽസ്പർശം' എന്ന കവിതയിൽ നിന്ന്. 2006-ൽ പുറത്തിറക്കിയ 'ഏവൂർ ദാമോദരൻ നായർ സ്മരണിക'യിൽ പ്രസിദ്ധീകരിച്ചത്)

ട്ടൻ തുള്ളൽ എന്ന ജനകീയ കലയ്ക്ക് നവജീവൻ പകർന്ന് അരങ്ങിൽ ഏഴു പതിറ്റാണ്ടോളം ആടിത്തിമിർത്ത അനുഗൃഹീതനായ കലാകാരനാണ് ഏവൂർ ദാമോദരൻ നായർ. 26-7-1921 മുതൽ 18-10-2003 വരെ ആണ് അദ്ദേഹത്തിൻ്റെ ജീവിത കാലഘട്ടം.

തുള്ളൽ കലയിൽ മൗലിക പ്രതിഭ തെളിയിച്ച കലാകാരനായിരുന്നു ഏവൂർ ദാമോദരൻ നായർ. ഓട്ടൻ തുള്ളൽ എന്ന ജനകീയ കലയ്ക്ക് കാലാനുസൃതമായ മാറ്റങ്ങൾ വരുത്തി പുതുജീവൻ പകരാൻ അർപ്പണമനോഭാവത്തോടെ ജീവിതാന്ത്യം വരെ അക്ഷീണപ്രയത്‌നം നടത്തിയ തുള്ളൽ കലയിലെ കുലപതിയായിരുന്നു അദ്ദേഹം. ഇതിനു പുറമേ തുള്ളൽ ആചാര്യൻ, തുള്ളൽ ചക്രവർത്തി എന്നീ സ്ഥാനങ്ങളിലും അദ്ദേഹം ജനഹൃദയങ്ങളിൽ നിറഞ്ഞു നിന്നു.

ഓട്ടൻ, ശീതങ്കൻ, പറയൻ എന്നീ മൂന്നു തരം തുള്ളലുകളും തന്മയത്വമായി അവതരിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ഇതോടൊപ്പം കഥകളിയും ശാസ്ത്രീയ സംഗീതവും അദ്ദേഹം അഭ്യസിച്ചിരുന്നു. എന്നും അദ്ദേഹത്തിന് ഒരു ഗവേഷകൻ്റെ മനസ്സായിരുന്നു. തുള്ളലിൻ്റെ ശാസ്ത്രീയത നിലനിർത്തി സംഗീതം, അഭിനയം, നൃത്തം, സാഹിത്യം എന്നിവയിലൂടെ തുള്ളൽ വിസ്മയം തീർത്ത് ജനഹൃദയങ്ങളെ ആകർഷിച്ചു. തുള്ളലിൽ പുതുമ കൊണ്ടുവന്ന മലബാർ രാമൻ നായർ ആശാൻ്റെ പ്രചോദനവും അനുഗ്രഹവും ഉൾക്കൊണ്ട് സ്വന്തം നിലയിൽ പരിഷ്കരിച്ച് രൂപപ്പെടുത്തിയതാണ് ഏവൂരിൻ്റെ തുള്ളൽ. മലബാറിന് ശേഷം തുള്ളലിനെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് നയിച്ച അദ്ദേഹം ആദ്യമായി പെരുമ്പാവൂർ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ തുള്ളൽ അവതരിപ്പിച്ചപ്പോഴാണ് ക്ഷേത്രോത്സവ ഭാരവാഹികൾ 'തുള്ളൽ ചക്രവർത്തി' പട്ടം സമ്മാനിച്ചതും ആരാധകർ 'തുള്ളൽ ചക്രവർത്തി' തന്നെ എന്ന് ഉദ്ഘോഷിച്ചതും.

ആലപ്പുഴ ജില്ലയിൽ ഏവൂർ തെക്ക് കല്ലത്ത്തറ വീട്ടിൽ ആണ് ഏവൂരിൻ്റെ ജനനം. അമ്മ കല്ലത്ത് പാർവ്വതിയമ്മയും അച്ഛൻ അരിവന്നൂർ രാമൻ പിള്ളയുമാണ്. രാമപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ്സ് പഠനത്തിന് ശേഷം ഏവൂർ കൊല്ലകൽ ശങ്കരൻ നായർ ആശാൻ്റെ ശിക്ഷണത്തിൽ ഗുരുകുല വിദ്യാഭ്യാസ രീതിയിൽ തുള്ളൽ പഠനം ആരംഭിച്ചു. പത്തു വർഷം ഗുരുവിനോടൊപ്പം വേദികൾ പങ്കിട്ട് മൂന്നു തരം തുള്ളലിലേയും മുപ്പതോളം കഥകൾ വശമാക്കി. ഗുരുവിൻ്റെ മരണാനന്തരമാണ് സ്വന്തമായി തുള്ളൽ സംഘം രൂപീകരിച്ച് അദ്ദേഹം ക്ഷേത്രങ്ങളിൽ പരിപാടികൾ അവതരിപ്പിക്കാൻ തുടങ്ങിയത്. ചുരുങ്ങിയ കാലം കൊണ്ട് ജനങ്ങളുടെ അംഗീകാരം നേടി ആ ഗവേഷകൻ.

ദൂരദർശനിലൂടെയും ആകാശവാണിയിലൂടെയും ഏവർക്കും അദ്ദേഹം സുപരിചിതനാണ്. 1968 മുതൽ ജീവിതാന്ത്യം വരെ തിരുവനന്തപുരം റേഡിയോ നിലയത്തിലും 1984 വരെ കോഴിക്കോട് നിലയത്തിലും പരിപാടി അവതരിപ്പിക്കാൻ കഴിഞ്ഞ ഏക കലാകാരനാണ് ഏവൂർ. 1977-ൽ ദില്ലി ദൂരദർശൻ ആദ്യമായി ഏവൂരിൻ്റെ തുള്ളൽ പ്രക്ഷേപണം ചെയ്തു. 1984-ൽ തിരുവനന്തപുരം നിലയത്തിൽ നാഷണൽ പ്രോഗ്രാം ആയി അദ്ദേഹത്തിൻ്റെ തുള്ളൽ പ്രക്ഷേപണം ചെയ്തു. കേന്ദ്ര സംഗീത നാടക അക്കാദമി ഫിലിം ഡിവിഷൻ്റെ സഹായത്തോടെ അദ്ദേഹത്തിൻ്റെ മൂന്നു തരം തുള്ളലും ഫിലിമിലാക്കി സൂക്ഷിച്ചിട്ടുണ്ട്.

1993 നവംബർ 19 ഏവൂരിന് അവിസ്മരണീയ ദിനമായിരുന്നു. ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ 70-ാം ജന്മദിനത്തിൽ സംഘടിപ്പിക്കപ്പെട്ട ഗ്രാമീണ കലാമേളയിൽ തുള്ളൽ അവതരിപ്പിക്കാൻ ഇന്ദിരാ ഗാന്ധി നാഷണൽ ട്രസ്റ്റിൻ്റെ ക്ഷണപ്രകാരം ഏവൂരിന് അവസരം ലഭിച്ചു. ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങൾ സമുചിതമായി കോർത്തിണക്കിയ 'ഭാരതചരിതം' ഓട്ടൻ തുള്ളൽ ശക്തിസ്ഥലിൽ അന്നത്തെ പ്രധാന മന്ത്രി നരസിംഹ റാവു, രാഷ്ട്രപ്രതി ശങ്കർ ദയാൽ ശർമ്മ, ട്രസ്റ്റ് പ്രസിഡൻറ്റ് സോണിയാ ഗാന്ധി തുടങ്ങിയ പ്രമുഖ വ്യക്തികൾ നിറഞ്ഞ സദസ്സിൽ അവതരിപ്പിച്ച് ഏവരുടേയും മുക്തകണ്ഠമായ പ്രശംസ അദ്ദേഹം നേടി.


അനവധി അവാർഡുകൾ ഈ പ്രതിഭയെ തേടിയെത്തി:

1) കേരള കലാമണ്ഡലം അവാർഡ് - 1993

2) മഹാകവി കുഞ്ചൻ നമ്പ്യാർ അവാർഡ് - 1996

3) കേരള സംഗീത നാടക അക്കാദമി അവാർഡ് - 1998

4) കേരള ഫോക്‌ലോർ അക്കാദമി അവാർഡ് - 1999

5) അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൽ നിന്നും തകഴിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ മുതിർന്ന തുള്ളൽ പ്രതിഭയ്ക്കുള്ള ആദ്യ തകഴി അവാർഡ് -1999

അക്കാലത്ത് സ്വാതി തിരുനാൾ ന്യൂസ് റീലിലും കേന്ദ്ര സംഗീത നാടക അക്കാദമിയ്ക്ക് വേണ്ടി എം. ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത 'തകഴിയുടെ ഒരു ദിവസം' എന്ന ഡോക്യുമെൻറ്ററിയിലും ഏവൂരിൻ്റെ തുള്ളൽ ഫിലിമിലാക്കിയിട്ടുണ്ട്.

നാടാകെ വിവിധ സംഘടനകൾ - പുരോഗമന കലാസാഹിത്യസംഘം, നർമ്മ കൈരളി, കെ. പി. എ. സി., ഇപ്റ്റ - ഉത്സവകമ്മിറ്റിക്കാർ, പല പഞ്ചായത്തുകളും ഏവൂരിനെ സ്വീകരിച്ച് ആദരിച്ച് ഉപഹാരങ്ങൾ നൽകി. പ്രമുഖ പത്രങ്ങളും, മാസികകളും കാലാകാലങ്ങളിൽ അദ്ദേഹത്തിൻ്റെ കലയ്ക്കു പ്രചാരം നൽകി.

മക്കളിൽ ഏറ്റവും ഇളയതായിരുന്നു ഏവൂർ ദാമോദരൻ നായർ. അദ്ദേഹത്തിൻ്റെ സഹോദരങ്ങൾ ആണ് കല്ലത്ത് തറയിൽ കുട്ടിയമ്മ, കൈതവനയിൽ ആർ. രാഘവൻ നായർ, തയ്യിൽ ആർ. വാസുദേവൻ നായർ. ഏവൂർ തെക്ക് കൊറ്റിനാട്ട് വീട്ടിൽ എൻ. സരോജിനിയമ്മയാണ് അദ്ദേഹത്തിൻ്റെ സഹധർമ്മിണി. പ്രസ്തുത വീടിന് അല്പം കിഴക്കു മാറിയാണ് ഏവൂരിൻ്റെ 'കലാഭവൻ' കുടുംബം. മക്കൾ: ഏവൂർ രാധാകൃഷ്ണൻ, എസ്. ഇന്ദിരാമ്മ, എസ്. ഉമയമ്മ, ഏവൂർ രഘുനാഥൻ നായർ, അഡ്വ. ഡി. ഹരീന്ദ്രൻ നായർ, ഡി. രാജേന്ദ്രൻ നായർ, അഡ്വ. ഡി. സനൽകുമാർ എന്നിവരാണ്. മക്കളിൽ മിക്കവരും തുള്ളൽ കല വശമാക്കിയിട്ടുണ്ട്. ഏവൂർ രാഘുനാഥൻ നായർ തുള്ളൽ കലാകാരനാണ്.

ഏവൂർ പലരേയും തുള്ളൽ പഠിപ്പിച്ചു. അവരിൽ പലരും ബന്ധുക്കളായിരുന്നു. അവരെല്ലാം കലാരംഗം വിട്ടു പോയി. അദ്ദേഹത്തിൻ്റെ ശിഷ്യഗണങ്ങളിൽ പലരും സ്കൂൾ, കോളേജ് യുവജനോത്സവങ്ങളിൽ വിജയികളായി. ഏവൂർ കലോത്സവങ്ങളിൽ 'ജഡ്ജ്' ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒടുവിൽ പ്രമേഹരോഗബാധിതനായി എൺപത്തിരണ്ടാമത്തെ വയസ്സിൽ അദ്ദേഹം യശഃശരീരനായി!! അദ്ദേഹം കലാഭവൻ വീട്ടുവളപ്പിൽ അന്ത്യവിശ്രമം കൊള്ളുന്നു.

1994-ൽ സാംസ്കാരിക വകുപ്പു മന്ത്രി ടി. എം. ജേക്കബ് കലാമണ്ഡലം അവാർഡ് സമ്മാനിക്കുന്നു.

കലാമണ്ഡലം അവാർഡ് ജേതാവിന് പുരോഗമന കലാസാഹിത്യ സംഘം നൽകിയ സ്വീകരണത്തിൽ പ്രൊഫ. എരുമേലി പരമേശ്വരൻ പിള്ള ഉപഹാരം സമർപ്പിക്കുന്നു.

'കലാമണ്ഡലം അവാർഡ്' നേടിയ ഏവൂർ ദാമോദരൻ നായർക്ക് നർമ്മകൈരളിയുടെ ഉപഹാരം 1994-ൽ വി.ജെ.ടി. ഹാളിൽ വച്ച് ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ സമ്മാനിക്കുന്നു.

1999-ൽ കേരള സംഗീത നാടക അക്കാദമി അവാർഡ് സാംസ്കാരിക വകുപ്പ് മന്ത്രി ടി. കെ. രാമകൃഷ്ണൻ കോഴിക്കോട് ടാഗോർ സെൻറ്റിനെറി ഹാളിൽ വച്ച് സമ്മാനിക്കുന്നു.

ജന്മനാടിൻ്റെ സ്വീകരണം: സംഗീത നാടക അക്കാദമി അവാർഡ് ജേതാവിനെ അനുമോദിക്കുന്നതിന് പത്തിയൂർ പഞ്ചായത്തും പൗരാവലിയും നൽകിയ സ്വീകരണത്തിൽ ജി. സുധാകരൻ എം. എൽ. എ. ഉപഹാരം സമർപ്പിക്കുന്നു.

ഏവൂർ സഹധർമ്മിണിയോടൊപ്പം

ഏവൂർ ദാമോദരൻ നായരുടെ മകൻ ഏവൂർ രഘുനാഥൻ നായർ